മറിയത്തിന്‍റെ കൈകൾ

കുഞ്ഞിനെ മാറോടു ചേർത്ത് പിടിച്ചിരിക്കുന്ന ആ കൈ , വിളിക്കുന്നവർക്കൊക്കെ ആശ്വാസവും താങ്ങും തണലുമേകുന്നു .


ചിത്രത്തിലെ ഏറ്റവും വലിയ പ്രതിരൂപം മറിയത്തിന്റേത് ആണെങ്കിലും അതിന്റെ ,ശ്രദ്ധാകേന്ദ്രം ആകുന്നതു അമ്മയല്ല . അമ്മയുടെയും കുഞ്ഞിന്റെയും കരതലങ്ങൾ ചേരുന്ന ഭാഗമാണ് കൂടുതൽ മിഴിവാർജിച്ചിരിക്കുന്നത്.അവന്റെ കുഞ്ഞു കൈതലം അമ്മയുടെ കൈയിൽ ആയിരിക്കുമ്പോൾ അമ്മയുടെ വിരലുകൾ എല്ലാം അവനു നേരെ ചൂണ്ടുന്നതായി കാണപ്പെടുന്നു. "ഇതെന്റെ മകനായ ദൈവ പുത്രനായ യേശു ക്രിസ്തു നമ്മുടെ രക്ഷകൻ നമുക്കായി സ്വയം ബലിയായി തീരാൻ പോകുന്നവൻ "

നേരിടാനിരിക്കുന്ന പീഡാനുഭവ യാതനകളുടെ സൂചകങ്ങളുമായി വന്ന മാലാഖമാരെ കണ്ട് ഭയചകിതനാകുന്ന കുഞ്ഞ് അമ്മയുടെ കരങ്ങളിൽ അഭയം പ്രാപിക്കുന്നു. അവിടെ അവൻ സമാശ്വാസം കണ്ടെത്തുന്നു. ഇടതു കരത്തിനാൽ ഉണ്ണി യേശുവിനെ ശക്തിയായി ചേർത്ത് പിടിക്കുമ്പോഴും അമ്മ നമ്മോടു പറയും പോലെയാണ് തോന്നുന്നത് "എന്നിലുള്ള വിശ്വാസവും അർപ്പണ സന്നദ്ധതയും തീർച്ചയായും നിങ്ങളെ എന്റെ മകനിലേക്ക് നയിക്കും "

ശൈശവത്തിൽ ഭീതിതമായ അവസരങ്ങളെ നേരിടേണ്ടി വരുമ്പോൾ അമ്മയിലേക്കോ സുരക്ഷിതത്വം ഉറപ്പാക്കുന്ന മറ്റേതോ വ്യക്തിയിലേക്കോ ആണ് നാം ഓടിയണയുക. നമ്മുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ഓടിയണയാവുന്ന നിശ്ചയമായ സങ്കേതമാണ് അമ്മ മറിയം. അമ്മയോട് ചേർന്ന് നിന്നാൽ അമ്മ നമ്മെ യേശുവിലേക്കു നയിക്കും. ഒരു നിമിഷം നിൽക്കൂ... എന്നിട്ടു ചിന്തിക്കൂ... നിങ്ങളെ അലട്ടുന്ന വലിയ പ്രശ്നം എന്താണെന്നു. അമ്മയുടെ കൈകളിൽ തികഞ്ഞ വിശ്വാസത്തോടെ പ്രശ്നങ്ങളെ ഭര മേൽപ്പിക്കുക. എന്നിട്ട് പൂർണമായും വിശ്വസിക്കൂ അമ്മ തന്റെ മകന്റെ സഹായം നിങ്ങൾക്കായി നേടിത്തരും. കണ്ണുകൾ അടച്ചു ഒരു നിമിഷം അമ്മ മറിയത്തിന്റെ കൈ തലങ്ങൾ ഗ്രഹിക്കുന്നതായി സങ്കൽപ്പിക്കൂ.

പ്രാർത്ഥന


നിത്യസഹായമാതാവേ, അമ്മ ദൈവത്താൽ അനുഗ്രഹിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അമ്മ രക്ഷകന്റെ അമ്മ മാത്രമല്ല, രക്ഷിക്കപ്പെട്ടവരുടെയും അമ്മയായി. അമ്മയുടെ സ്നേഹമുള്ള മക്കളായാണ് ഞങ്ങൾ ഇന്ന് അമ്മയുടെ അടുക്കൽ വരുന്നത്. ഞങ്ങളെ നോക്കുകയും ഞങ്ങളെ സുരക്ഷിതരാക്കുകയും ചെയ്യേണമേ. ശിശുവായ യേശുവിനെ അങ്ങയുടെ സ്‌നേഹനിർഭരമായ കരങ്ങളാൽ പിടിച്ചതുപോലെ, ഞങ്ങളെയും അങ്ങയുടെ കൈകളിലേക്ക് സ്വീകരിക്കണമേ. ഞങ്ങളെ സഹായിക്കാൻ ഓരോ നിമിഷവും അമ്മയായിരിക്കുക, കാരണം ശക്തനായ ദൈവം അമ്മക്കായി വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ട്, കൂടാതെ ദൈവത്തിന്റെ കരുണ യുഗം തോറും അവനെ സ്നേഹിക്കുന്നവരിൽ ഉണ്ട്. ഞങ്ങളുടെ ഏറ്റവും വലിയ ഭയം, പ്രലോഭനസമയത്ത്, ഞങ്ങൾ അമ്മയെ വിളിക്കുന്നതിൽ പരാജയപ്പെടുകയും നഷ്ടപ്പെട്ട മക്കളായി മാറുകയും ചെയ്യും എന്നതാണ്. പ്രിയ മാതാവേ, ഞങ്ങളുടെ പാപങ്ങൾക്ക് മാപ്പും യേശുവിനോടുള്ള സ്നേഹവും സ്ഥിരോത്സാഹവും നിത്യസഹായ മാതാവേ, അങ്ങയെ വിളിച്ചപേക്ഷിക്കാനുള്ള കൃപയും ലഭിക്കുന്നതിന് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ. ആമേൻ