അശരണരായ മനുഷ്യരുടെ ദുരിതങ്ങൾ കാണാൻ മാത്രം വലുത്. എല്ലായ്പ്പോഴും നമ്മുടെ നേരെ തന്നെ തിരിഞ്ഞിരിക്കുന്നവ
നമ്മുടെ അമ്മയായ നിത്യ സഹായ മാതാവിന്റെ മനോഹരമായ ആ മിഴികൾ എത്രയോ ഭക്തി സാന്ദ്രമാണ്. ആ നയനങ്ങളിലെ ആർദ്രത, സ്നേഹം, കരുണ, വിനയം ദയ എല്ലാം വിവരണാതീതമാണ്. ദിവ്യമായ ആ വദനം എത്രയോ ദൈവീക തേജസ്സ് ഉള്ളതാണ്. ആ മുഖ ലാവണ്യം പോലും നമ്മെ ഭക്തിയിൽ ആറാടിക്കുകയാണ്. ബദാം ആകൃതിയെ പോലും വെല്ലുന്ന മാതാവിന്റെ മിഴി രണ്ടിനും ചാരുതയേകനായി ഇരുണ്ടു നേർത്ത പുരിക കൊടികൾ, ഇടുങ്ങിയ മൂക്ക് ചുണ്ടുകൾ...എന്നിട്ടും അമ്മയുടെ കണ്ണുകൾ ചെറുതായി അടച്ച് പറഞ്ഞറിയിക്കാൻ കഴിയാത്ത സങ്കടവും സഹതാപവും പ്രകടിപ്പിക്കുന്നു, കാരണം അമ്മയുടെ മകൻ സഹിക്കാൻ പോകുന്ന കഷ്ടപാടുകളും ലോകത്തിലെ എല്ലാ മനുഷ്യരുടെയും കഷ്ടപ്പാടുകളും അമ്മ കാണുന്നു
അമ്മയുടെ കണ്ണുകൾ ചിത്രത്തിൽ നിന്ന് നമ്മളുടെ നേരെ നോക്കുന്നു. എവിടെ നിന്ന് ചിത്രത്തിലേക്കു നോക്കിയാലും അമ്മയുടെ കണ്ണുകൾ ചിത്രത്തിൽ നോക്കുന്നവരുടെ ഹൃദയങ്ങളിലേക്ക് ആഴത്തിൽ തുളച്ചു കയറുന്നു. അമ്മ തന്റെ മകനെ നോക്കുന്നില്ല പക്ഷെ അമ്മയുടെ ദത്തെടുത്ത മക്കളായ നമ്മളോട് ആർദ്രതയോടെ സംഭാഷണം നടത്തുന്നതായി തോന്നുന്നു. ചിത്രത്തിൽ അമ്മയുടെ മിഴികൾ വലുതാണ് നമ്മുടെ ജീവിതത്തിലും ഭയത്തിലും സങ്കടങ്ങളിലും ആത്മീയ വളർച്ചയിലും അമ്മക്കുള്ള താല്പര്യം പ്രകടിപ്പിക്കുന്നത് പോലെയാണ്.
അമ്മ നമ്മുടെ എല്ലാ ആവശ്യങ്ങളും കാണുകയും അമ്മയുടെ അടുക്കൽ കൊണ്ട് വരാൻ നമ്മെ ക്ഷണിക്കുകയും ചെയുന്നു. കുറച്ചു നിമിഷങ്ങൾ അമ്മയുടെ മനോഹരമായ ഈ ചിത്രം നോക്കു. നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളെ അമ്മയുടെ മിഴികൾ വായിക്കട്ടെ
ഓ അമ്മേ നിത്യ സഹായ മാതാവേ അമ്മയുടെ പൊൻ സുതന്റെ പീഡാ സഹനങ്ങളും, ക്രൂശു മരണവും ഓർക്കുമ്പോൾ തന്നെ അമ്മയുടെ ഹൃദയത്തിൽ ഒരു വാൾ തുളച്ചു കയറിയില്ലേ?? വ്യാകുല വാൾ മുന തുമ്പിൽ ആത്മ ധൈര്യത്തോടെ നിന്ന എന്റെ അമ്മേ എന്റെ പ്രതിസന്ധികളിൽ അമ്മയുടെ സഹായം എനിക്ക് ലഭിക്കും എന്ന ഉറപ്പായ ആത്മവിശ്വാസത്തോടെയാണ് ഞാൻ ചിത്രത്തിന് മുൻപിൽ വരുന്നത്,... അമ്മയുടെ മുറിവേറ്റ മാതൃ ഹൃദയത്തിൽ ആശ്വാസവും സമാധാനവും ഞാൻ കണ്ടെത്തുന്നു. എന്റെ പ്രാർത്ഥനകൾ ഞാൻ അമ്മക്ക് ഏകുന്നു... (നിയോഗം സമർപ്പിക്കുക ) കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും അമ്മ മാതാവേ ആശ്രയിക്കാൻ മറ്റാരും ഇല്ല അമ്മേ... ഈശോയുടെ ക്രൂശു മരണ വേളയിൽ ദുഃഖ സാഗരത്തെ നെഞ്ചിലൊതുക്കി ഒരു നിശ്ചല സാക്ഷിയെപ്പോലെ ഒരു കൈത്താങ്ങു പോലെ, അമ്മ നിന്നുവല്ലോ.? 'ആബാ പിതാവേ, എന്റെ ആത്മാവിനെ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ' എന്ന ഈശോയുടെ ആത്മ രോദനത്തിന് വിധേയപ്പെട്ടു പിതാവായ ദൈവത്തോട് ഒട്ടി ചേർന്ന് നീ നിന്നുവല്ലോ.അമ്മേ ഞാൻ അമ്മയോട് എന്നെ തന്നെ ഐക്യപെടുത്തുന്നു എന്റെ കഷ്ടപ്പാടുകൾ അമ്മയുടേതായി ഏകീകരിക്കാനും യേശുവിനു സമർപ്പിക്കാനും ഞാൻ അമ്മയോട് അപേക്ഷിക്കുന്നു ആമേൻ.